നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്ര സുലഭം

Published on Thu, 04/21/2011
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം ഉല്‍പാദനവും വിപണനവും നിരോധിച്ച മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികകള്‍ ചില ജില്ലകളില്‍ വിപണിയില്‍ സുലഭം. ലൈംഗിക ഉത്തേജക മരുന്നെന്ന പേരില്‍ വിറ്റഴിക്കുന്ന മുസ്‌ലി പവര്‍ എക്‌സ്ട്ര കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ ചില മരുന്നു കടകളില്‍ യഥേഷ്ടം ലഭ്യമാണ്. ഗുളിക പാക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന ആയുര്‍വേദ കണ്‍ട്രോളര്‍ ഡോ. എന്‍. വിമല സംസ്ഥാനത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന്റെ  ഗസറ്റ് വിജ്ഞാപനത്തിലൂടെ നിരോധം പ്രാബല്യത്തില്‍ വന്നതിനാല്‍ മുസ്‌ലി പവര്‍ എക്‌സ്ട്ര സ്‌റ്റോക്ക് ചെയ്യുകയോ വില്‍ക്കുകയോ പാടില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റോക്കിസ്റ്റുകളോടും ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാറിന്റെ നിരോധം ഹൈേകാടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്ന് പ്രചരിപ്പിച്ചാണ് നിര്‍മാതാക്കള്‍ മരുന്നു ഷാപ്പുടമകളെ സ്വാധീനിച്ചത്. സര്‍ക്കാര്‍ നിരോധത്തിനെതിരെ നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ എം.ഡി കെ.സി. അബ്രഹാം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. രണ്ടു തവണ നീട്ടിവെച്ച ഹരജി ഏപ്രില്‍ 12നാണ് ഹൈേകാടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. അന്ന് വൈകിട്ട് അഞ്ചിന് തൊട്ടു മുമ്പാണ് ഏറ്റവും അവസാനത്തെ കേസായി ഹരജി പരിഗണിച്ചതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറയുന്നു.
മധ്യ വേനലവധി കഴിഞ്ഞ് കോടതി തുറക്കുന്ന ദിവസത്തേക്ക് മാറ്റിയ ഈ കേസില്‍ ഇടക്കാല ഉത്തരവ് അന്നുവരെ നീട്ടിയതായാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമോഹന്റെ ഉത്തരവിലുള്ളതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ ഉത്തരവ് വളച്ചൊടിച്ച് മധ്യ വേനലവധി കഴിഞ്ഞ് കോടതി തുറക്കുന്ന മേയ് 23 വരെ സര്‍ക്കാര്‍ നിരോധത്തിന് സ്‌റ്റേ ലഭിച്ചതായാണ് ഗുളിക നിര്‍മാതാക്കളുടെ പ്രചാരണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിരോധം ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടെ നിയമസാധുത വന്നതായും ഹൈേകാടതി ഉത്തരവ് പ്രകാരം ഹരജി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാമെന്നുമാണ് ഹൈേകാടതി വിധിയുടെ അര്‍ഥമെന്നും നിയമ വകുപ്പ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു നിയമോപദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്തതിനടക്കം കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി. കെ.സി. അബ്രഹാം രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങുന്ന ചിത്രം മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യത്തോെടാപ്പം പ്രസിദ്ധീകരിച്ചതിന് രാഷ്ട്രപതിഭവന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന നടപടികള്‍ കൈക്കൊണ്ടത്. ഈ സംഭവത്തില്‍, രാഷ്ട്രപതി ഭവന്റെ നിര്‍ദേശപ്രകാരം ദല്‍ഹിയിലെത്തിയ കെ.സി. അബ്രഹാം രാഷ്ട്രപതിക്ക് മുമ്പാകെ മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിനു ശേഷവും പരസ്യത്തിലെ ചിത്രം പിന്‍വലിച്ചിട്ടില്ല. 



0 comments:

Post a Comment