മുസ്‌ലി പവര്‍ നിരോധത്തിനു പിന്നില്‍ രാഷ്ട്രപതിയുടെ ഇടപെടലും


Published on Tue, 04/05/2011 - 23:42 ( 8 hours 21 min ago)

മുസ്‌ലി പവര്‍ നിരോധത്തിനു പിന്നില്‍ രാഷ്ട്രപതിയുടെ ഇടപെടലും
കണ്ണൂര്‍:  'മുസ്‌ലി പവര്‍ എക്‌സ്ട്ര'യുടെ നിരോധത്തിന് രാഷ്ട്രപതിയുടെ ഇടപെടലും. നിരവധി നിയമങ്ങള്‍ ലംഘിച്ച് ഉല്‍പാദനവും വിപണനവും തുടരുന്ന നിര്‍മാതാക്കള്‍ക്കെതിരെ നാലു കേസുകള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാറും ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളറും നടപടിക്ക് മടിച്ചുനില്‍ക്കെയാണ് രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഇടപെടലിനെ തുടര്‍ന്ന് നിരോധ ഉത്തരവിറക്കാന്‍ ആരോഗ്യ സെക്രട്ടറി തയാറായത്. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ പഠനറിപ്പോര്‍ട്ട് 'മാധ്യമം' പുറത്തുകൊണ്ടുവന്നതാണ് നിരോധത്തിലേക്ക് നയിച്ചത്.
വ്യവസായ സംരംഭകനുള്ള അവാര്‍ഡ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി കെ.സി. അബ്രഹാം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങുന്ന ചിത്രംവെച്ച് 'ഒരു ആയുര്‍വേദ മരുന്ന് ലക്ഷം കോടിപതിയെ സൃഷ്ടിച്ചത് എങ്ങനെ' എന്ന തലക്കെട്ടില്‍ വെബ്‌സൈറ്റിലടക്കം 'മുസ്‌ലി പവര്‍' പരസ്യം ചെയ്തതാണ് രാഷ്ട്രപതിയെ ചൊടിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള ഒരു എം.പി രാഷ്ട്രപതിയെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വിശദ അന്വേഷണം നടത്തി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡിക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രപതിഭവന്‍ കേരള സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്‌മെന്റ്) ആക്ട് പ്രകാരം മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദനവും വിപണനവും നിരോധിച്ച് കമ്പനിക്ക് ഉത്തരവ് നല്‍കിയതായി ആരോഗ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നല്‍കുന്ന ഉല്‍പന്നം നിരോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്.
ഈ ആക്ട് പ്രകാരം മായംചേര്‍ത്ത ആയുര്‍വേദ മരുന്ന് വില്‍ക്കുന്നതിനെതിരെയടക്കം നാലുകേസുകള്‍ നിലവിലുണ്ടായിട്ടും മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിക്കാതിരുന്നത് അദ്ഭുതമാണെന്ന് അടുത്തിടെ ചുമതലയേറ്റ ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. വിമല പറഞ്ഞു. കേരള റീജനല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും എറണാകുളം ഫസ്റ്റ്ക്ലാസ് കോടതിയിലും ഫയല്‍ ചെയ്തതടക്കം നാലുകേസുകള്‍ വിചാരണ കാത്തുകഴിയുന്നതിനാലാണ് കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ മടിച്ചുനിന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ കേസുകളില്‍ അധികൃതര്‍ ഉദാസീനത കാണിക്കുന്നുവെന്നാരോപിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടും പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) കേരള സര്‍ക്കാറിനെയും ആയുര്‍വേദ ഡ്രഗ്കണ്‍ട്രോളറെയും പ്രതിചേര്‍ത്ത് ഹൈകോടതിയില്‍ നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹരജിയും നിലവിലുണ്ട്. മായം കണ്ടെത്തിയതിനെതുടര്‍ന്ന് ആന്ധ്രയിലെ ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയ കേസും നിലവിലുണ്ട്. മുസ്‌ലിപവര്‍ ഉപയോഗിക്കരുതെന്ന് ആന്ധ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരവധി കേസുകളുണ്ടായിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്ര അദ്ഭുതമരുന്നായി ചിത്രീകരിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ കര്‍ശന തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഡ്രഗ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ അറിയിച്ചു. 'ശാസ്ത്രീയ പരിശോധന നടത്താന്‍വേണ്ട അനുമതി സ്ഥാപനത്തിന് നല്‍കിയിട്ടില്ല. അമേരിക്കയിലെ ഏതോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നേടിയതായി പറയുന്ന ഡോക്ടര്‍ ബിരുദം, കമ്പനി ഉടമ പേരിനൊപ്പം ചേര്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.
വെറുമൊരു കച്ചവടക്കാരനായ ഇദ്ദേഹം സമ്പാദിച്ചതായി പറയുന്ന ഡോക്ടര്‍ ബിരുദത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇക്കാര്യങ്ങള്‍കൊണ്ടുതന്നെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ കര്‍ശന നടപടിയുണ്ടാകും' -ഡ്രഗ് കണ്‍ട്രോളര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

0 comments:

Post a Comment