ന്യൂഡല്‍ഹി: സംഭോഗവേളയില്‍ കൂടുതല്‍ ആനന്ദം പകരുമെന്ന് അവകാശപ്പെട്ട് വില്‍ക്കുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ മുസ്ലി എക്സ്ട്രാ പവറില്‍ അലോപ്പതി മരുന്ന് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഉത്തേജകമരുന്നായി ഉപയോഗിക്കുന്ന തഡാലഫില്‍ എന്ന അലോപ്പതി മരുന്ന് പൊടിച്ച് ചേര്‍ത്താണ് മുസ്ലി പവറെന്ന ആയുര്‍വ്വേദ സിദ്ധൗഷധം ഉണ്ടാക്കുന്നതെന്നാണ് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പരിശോധനാഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
മുസ്ലി പവര്‍ എക്സ്ട്ര ഉള്‍പ്പെടെ അഞ്ചോളം ആയുര്‍വ്വേദ ഔഷധങ്ങളിലാണ് അലോപ്പതി മരുന്നുകള്‍ കണ്ടെത്തിയിട്ടുള്ളത്. പാട്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റനോവിഷന്‍ എക്സ്പോര്‍ട്ട് നിര്‍മ്മിക്കുന്ന സൂപ്പര്‍സോനിക്, യുപി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സണ്‍ ലബോറട്ടറി നിര്‍മ്മിക്കുന്ന ടൈറ്റാനിക്ക് കെ2, യു പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹഷ്മി യുനാനി ഫാര്‍മസി നിര്‍മ്മിക്കുന്ന സിക്കന്ദര്‍ ഇ ആസാം, ലുധിയാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ഫാര്‍മ നിര്‍മ്മിക്കുന്ന 2 മച്ച് ഗോള്‍ഡ് എന്നീ മരുന്നകളിലും തഡാലഫിലിന്റെയോ മറ്റൊരു ഉത്തേജകമരുന്നായ സൈല്‍ഡെനാഫിലിന്റെയോ അംശം കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക ഉത്തേജന മരുന്നുകളുടെ കൂട്ടത്തില്‍ രാജാവായി അറിയപ്പെടുന്ന തഡാലഫില്‍ വാഷിംഗ്ടണിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഐകോസിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. പിന്നീട് എലി ലില്ലി ആന്‍ഡ് കമ്പനി ഐകോസിനെ ഏറ്റെടുക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ തഡാലഫില്‍ വിപണിയിലെത്തിക്കുകയും ചെയ്തു. 2003 മുതലാണ് ഇത് അമേരിക്കയില്‍ വില്‍ക്കാന്‍ അനുവാദം ലഭിക്കുന്നത്.
ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമുള്ള പുരുഷനുപോലും അങ്ങേയറ്റം അപകടകരമാണ് മുസ്ലി പവറെന്ന് വ്യക്തം.
മുസ്ലി പവര്‍ തഡാലഫില്‍ പൊടിച്ചുചേര്‍ത്താണ് വില്‍ക്കുന്നതെന്ന് ഗവണ്‍മെന്റ് ഇന്‍സ്റ്റിട്ട്യൂറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല. ഇതിനെക്കുറിച്ചുള്ള വാര്‍ത്തസെപ്തംബര്‍ ഇരുപത്തിരണ്ടിന് ഫാര്‍മസ്യൂട്ടിക്കല്‍ എംബ്ലോയ്സ് അസോസിയേഷന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മരണംവരെ സംഭവിക്കാവുന്ന മരുന്നാണ് തഡാലഫില്‍. ഇതിന്റെ അംശം അപകടരമായ അളവില്‍ മുസ്ലി പവറില്‍ കണ്ടെത്തിയിട്ടുപോലും നടപടികളെടുക്കാത്തത് ദുരൂഹമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
MP/058/09 എന്ന ബാച്ച്നമ്പറിലെ മുസ്ലി പവര്‍ മരുന്നിലാണ് തഡാലഫിലിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ആയുര്‍വ്വേദ മരുന്നുകളില്‍ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉള്‍പ്പെടെ അഞ്ചുകമ്പനികള്‍ മായം ചേര്‍ത്തതിനെക്കുറിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന എ.എസ്.യു ഡ്രഗ് കണ്‍സള്‍ട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്ത് കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അതിനുശേഷവും പ്രത്യേകിച്ച് നടപടികളൊന്നും ഉണ്ടായിട്ടില്ല.
പൂര്‍ണ്ണമായും പ്രകൃതിദത്തമെന്നും ആയുര്‍വ്വേദമെന്നും പറഞ്ഞ് മുസ്ലി പവര്‍ എക്സ്ട്രാവില്‍ക്കുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിനെതിരെ നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം ചെയ്യാന്‍ പാടില്ലെന്നുണ്ട്. എന്നാല്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യങ്ങള്‍ മിക്കവാറും മാദ്ധ്യമങ്ങളിലും ടിവി ചാനലുകളിലും വരുന്നുണ്ട്. ഇതിനെതിരെയും നടപടി ഉണ്ടാകുന്നില്ല.
ജാതിക്ക, കന്മദം, നെല്ലിക്ക, മുരിങ്ങ, ഞെരിഞ്ഞില്‍, വയല്‍ചുള്ളി, അശ്വഗന്ധ തുടങ്ങിയ പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ് മുസ്ലി പവര്‍ എക്സ്ട്ര നിര്‍മ്മിക്കുന്നതെന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. മുസ്ലി നൂറുശതമാനം പച്ചമരുന്നാണെന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അവകാശപ്പെടുന്നത്.
ഇതിനൊക്കെ പുറമെ മുസ്ലി പവര്‍ എക്സ്ട്രായ്ക്ക് പേറ്റന്റ് ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെട്ട വാര്‍ത്ത ഫാര്‍മബിസില്‍ വന്നിട്ടുണ്ട്. ലോകത്താകമാനമുള്ള അഞ്ച് മില്യണ്‍ പേര്‍ മുസ്ലി പവര്‍ ഉപയോഗിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒന്‍പത് ആയുര്‍വ്വേദ മരുന്നുകള്‍ അടങ്ങുന്ന മുസ്ലി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും കമ്പനി അവകാശപ്പെടുന്നു.
0 comments:
Post a Comment