മുസ്‌ലിപവര്‍ എക്‌സ്ട്ര പിടിച്ചെടുത്തു തുടങ്ങി; ഓണ്‍ലൈന്‍ വ്യാപാരവും പരസ്യവും തടയും


Published on Fri, 04/08/2011 - 07:46 ( 1 hour 41 min ago)

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം ഉല്‍പാദനവും വിപണനവും നിരോധിച്ച 'മുസ്‌ലിപവര്‍ എക്‌സ്ട്ര' ഗുളികകള്‍ അധികൃതര്‍ പിടിച്ചെടുത്തുതുടങ്ങി. സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമലയുടെ നിര്‍ദേശപ്രകാരം ജില്ലകളിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണ് പിടിച്ചെടുക്കുന്നത്. ഈ ഗുളിക ഇനി വില്‍ക്കരുതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസുകളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഗസറ്റ് വിജ്ഞാപനം മുഖേന നിയമം പ്രാബല്യത്തില്‍ വന്നതിനാല്‍ മരുന്ന് സ്‌റ്റോക് ചെയ്യുന്നവര്‍ക്കെതിരെയും വില്‍പന നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അവര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ മൂന്ന് ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്. ഇവരില്‍ ഒരാള്‍ അവധിയിലായതിനാല്‍ അലോപ്പതി ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ ഉപയോഗിച്ചാണ് നടപടി. മരുന്നിന്റെ ശേഖരം സംബന്ധിച്ച സ്‌റ്റോക് രജിസ്റ്റര്‍ പരിശോധിക്കാനും അധികൃതര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ചതന്നെ ആയിരക്കണക്കിന് ഗുളിക പായ്ക്കുകള്‍ പിടിച്ചെടുത്തതായി ഡോ. വിമല 'മാധ്യമ'ത്തോട് പറഞ്ഞു. മുമ്പ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരായ പരാതിയില്‍ ഏഴു കോടി രൂപയുടെ ഗുളികകള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഉത്തരവിനെ ഗുളികയുടെ നിര്‍മാതാക്കള്‍ നിയമപരമായി നേരിടാന്‍ ഇടയുള്ളതിനാല്‍ കര്‍ശന നടപടി തുടരാനാണ് ആരോഗ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ നിര്‍ദേശം. നിയമപരമായി ഏതറ്റംവരെ പോകാനും സര്‍ക്കാര്‍ തയാറാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
മുസ്‌ലിപവര്‍ എക്‌സ്ട്രക്കെതിരെ പരാതി നല്‍കിയത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയതിനാല്‍ നിര്‍മാതാക്കള്‍ക്ക് കോടതിയുടെ പരിരക്ഷ ലഭിക്കില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. മുസ്‌ലിപവര്‍ എക്‌സ്ട്രയെ കുറിച്ചുള്ള പരസ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും നിയമംമൂലം നിരോധിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷവും ഈ പരസ്യം പ്രസിദ്ധീകരിച്ചാല്‍ അത്തരം വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍  വ്യക്തമാക്കി. ഇതിന്റെ ഓണ്‍ലൈന്‍ വിപണനവും നിയമംമൂലം നിരോധിച്ചു. ഓണ്‍ലൈന്‍ വിപണനം സംബന്ധിച്ച കമ്പനി രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

0 comments:

Post a Comment