നിരോധിക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തു


നിരോധിക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തു
തിരുവനന്തപുരം:  നിരോധിക്കപ്പെടേണ്ട  നിരവധി മരുന്നുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിലയ്ക്കുവാങ്ങി വിറ്റഴിച്ചു. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് ഇതുവഴി നടന്നതെന്നാണ് സൂചന. മുന്‍സര്‍ക്കാര്‍ ഉണ്ടാക്കിയ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണമില്ലാത്ത മരുന്ന് തെരഞ്ഞുപിടിച്ച് വാങ്ങുകയായിരുന്നവെന്നാണ് ആരോപണം.
ഒരു മരുന്ന് ഗുണമേന്മയില്ലാത്തതെന്ന് തുടര്‍ച്ചയായി രണ്ടുതവണ പരിശോധനയില്‍ തെളിഞ്ഞാല്‍ അത് വാങ്ങുന്നത് അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കണമെന്നാണ് ചട്ടം. ഇങ്ങനെ കരിമ്പട്ടികയില്‍ പെടുന്ന കമ്പനിയുടെ മരുന്നുകള്‍ അഞ്ച് വര്‍ഷത്തിന് ശേഷം കര്‍ശനമായ പരിശോധന നടത്തി  മികച്ചതെന്ന് തെളിഞ്ഞാല്‍ മാത്രമേ വാങ്ങാവൂ. എന്നാല്‍ കരിമ്പട്ടികയില്‍ പെടുത്താതെ തുടര്‍ച്ചയായി മരുന്നുകള്‍ വാങ്ങി കോര്‍പറേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണംചെയ്യുകയായിരുന്നു. വന്‍ അഴിമതി ഇതിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
മുംബൈ ഹെല്‍ത്തി ലൈഫ് ഫാര്‍മയുടെ അലൂമിനിയം ഹൈഡ്രോക്‌സൈഡ് ടാബ്‌ലറ്റിന്റെ നമ്പര്‍ 02070, 01069, 05179 എന്നീ ബാച്ചുകള്‍ തുടര്‍ച്ചയായി ഗുണമേന്മയില്ലെന്ന് തെളിഞ്ഞിട്ടും വാങ്ങി വിതരണംചെയ്യുകയായിരുന്നു. ഇവയില്‍ ആദ്യത്തെ ബാച്ച് ഗുണമില്ലെന്ന് കണ്ടെത്തിയിട്ടും അത് തീരുന്നതുവരെ പരിശോധനാ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് വിതരണം തുടര്‍ന്നു. ഗുണമേന്മയില്ലെങ്കില്‍ ആ മരുന്ന് തിരിച്ചയക്കുകയാണ് വേണ്ടത്. അതിനുപകരം പിന്നെയും ഇതേ മരുന്ന് വാങ്ങുകയായിരുന്നു. പരിശോധനയില്‍ അവയും ഗുണമേന്മയില്ലെന്ന് കണ്ടെത്തിയിട്ടും വിതരണംനടത്തി. അമൃതസറിലെ ക്വാളിറ്റി ഫാര്‍മയുടെ ഡെക്‌സ്‌ട്രോക്‌സ് ഇന്‍ജക്ഷന്‍ ഐ.പി  മരുന്ന് ഒന്നിനും കൊള്ളില്ലെന്ന് വിവിധ ലബോറട്ടറികള്‍  കണ്ടെത്തിയതാണ്. തുടര്‍ച്ചയായി എത്തിയ ബാച്ചുകളെല്ലാം ഗുണമേന്മയില്ലാത്തതാണെന്ന് ലബോറട്ടറികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2009 ല്‍ എന്‍ 550, എന്‍ 611, എന്നീ ബാച്ചുകളും 2010 ല്‍ എന്‍ 895, എന്‍ 896, എന്‍ 897 എന്നീ ബാച്ചുകളും വാങ്ങി വിതരണംചെയ്തു.  ഇവയെല്ലാം ഗുണമില്ലാത്തവയായിരുന്നു.  അഹമ്മദാബാദിലെ ഡെന്നിസ് കെം ലാബ് ഉണ്ടാക്കിയ സോഡിയം ക്ലോറൈഡ് - ഡെക്‌സ്‌ട്രോസ് ഇന്‍ജക്ഷന്‍ ബാച്ച് നമ്പര്‍ 906പി089 ഗുണമില്ലെന്ന് തെളിഞ്ഞതാണ്. അത് മാത്രമല്ല പിന്നീട് വന്ന ബാച്ചുകളും വിതരണം ചെയ്തു. അതുപോലെ അമൃതസര്‍ ക്വാളിറ്റി ഫാര്‍മയുടെ ഫെറസ് സള്‍ഫേറ്റ് ടാബ്‌ലറ്റ്, വഡോദര ഭാരത് പാരന്ത്രല്‍സിന്റെ ഹൈഡ്രോ കോര്‍ട്ടിസോണ്‍ സോഡിയം സക്‌സിനേറ്റ് ഇന്‍ജക്ഷന്‍ ഐ.പി, ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒമപ്രസോള്‍ ക്യാപ്‌സ്യൂള്‍സ്, ഭാരത് പരന്ത്രല്‍സിന്റെ തിയോപെന്‍ടോണ്‍ സോഡിയം ഇന്‍ജക്ഷന്‍ എന്നിവയുടെയും വിവിധ ബാച്ചുകള്‍ ഗുണമില്ലെന്ന് തിരിച്ചറിഞ്ഞിട്ടും വിതരണംനടത്തി.  ഇവ വിതരണംചെയ്യപ്പെട്ട മരുന്നുകളില്‍ ചിലതുമാത്രമാണ്. നിരവധി മരുന്നുകള്‍ വേറെയും വാങ്ങിക്കൂട്ടി പാവങ്ങളെ ചതിച്ചതായാണ് മനസ്സിലാകുന്നത്.
മരുന്നുകള്‍ ഏഴ് ലബോറട്ടറികളില്‍ പരിശോധിക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാറിന്റെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് പുറമേ സ്വകാര്യ ലബോറട്ടറികളടക്കമുള്ളതാണ് ഈ ഏഴ് ലബോറട്ടറികള്‍. ഇവയിലൊക്കെ പരിശോധിച്ച് കുറ്റമില്ലാത്തതെന്ന് സര്‍ട്ടിഫൈ ചെയ്യപ്പെടുന്നവ മാത്രമേ വിതരണംചെയ്യാവൂ. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുതന്നെ കോര്‍പറേഷന്‍, ആശുപത്രികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്ന രീതിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്നു വന്നത്. റിപ്പോര്‍ട്ട് മരുന്ന് കമ്പനികള്‍ക്കെതിരായാല്‍ അവരുടെ സ്വാധീത്തിന് വഴങ്ങി മൂന്ന് മാസത്തോളം കോര്‍പറേഷന്‍ ആ റിപ്പോര്‍ട്ട് പുറത്തുവിടില്ല. അതിനിടയില്‍ ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിതരണംചെയ്ത് കഴിഞ്ഞിരിക്കും.
 ഗുണമേന്മയില്ലെന്ന റിപ്പോര്‍ട്ട് പൂഴ്ത്തിക്കൊണ്ട് വീണ്ടും ഈ കമ്പനികളില്‍ നിന്നുതന്നെ ടെന്‍ഡര്‍ ക്ഷണിച്ച് മരുന്ന് വാങ്ങും.  ഗുണമില്ലാത്തതിനാല്‍ വിലകുറച്ച് കാണിക്കാന്‍ ഈ കമ്പനികള്‍ക്ക് കഴിയും. അതിനാല്‍ ഇവതന്നെ പിന്നെയും കോര്‍പറേഷന് വാങ്ങാനാകും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ കോര്‍പറേഷന്റെ മരുന്ന് വാങ്ങലിനെപറ്റി അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരിക.


0 comments:

Post a Comment