'മുസ്‌ലിമുജര്‍റബ്' ലൈംഗിക ചികിത്സ; പുതിയ തട്ടിപ്പുമായി ഉസ്മാന്‍ മുസ്‌ലിയാര്‍


കണ്ണൂര്‍: ഹൈക്കലുസ്സിഹാമിനും ഖാതമു സുലൈമാനിക്കും പിന്നാലെ 'മുസ്‌ലിമുജര്‍റബ്' ഔഷധക്കൂട്ട് തട്ടിപ്പുമായി വീണ്ടും കളരിത്തൊടി ഉസ്മാന്‍ മുസ്‌ലിയാര്‍. ശത്രുദോഷം, കണേ്ണറ്, മാരണം, ജീവിത തകര്‍ച്ച  തുടങ്ങി സര്‍വവിധ ജീവിത പ്രശ്‌നങ്ങളും  ഏലസുകെട്ടി 'പരിഹരിക്കുന്ന' മുസ്‌ലിയാര്‍ ഇതോടെ ലൈംഗിക ചികിത്സയിലേക്ക് കടന്നിരിക്കുകയാണ്.
 പ്രത്യേക ഔഷധക്കൂട്ടുകളില്‍ തയാറാക്കുന്ന 'മുസ്‌ലിമുജര്‍റബ്' ഏലസ് രൂപത്തില്‍ ദേഹത്ത് കെട്ടിയോ കിടക്കക്കടിയില്‍ വെച്ചോ ഉപയോഗിച്ചാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ലൈംഗികശേഷി വര്‍ധിപ്പിക്കാമെന്നാണ് ഡോ. അല്‍ഹാജ് കളരിത്തൊടി ഉസ്മാന്‍ മുസ്‌ലിയാരുടെ പേരില്‍ ഇറങ്ങിയ ബ്രോഷറിലെ അവകാശവാദം. മലപ്പുറം ഇരുമ്പുഴിക്കടുത്ത വടക്കുമുറിയിലെ വിലാസത്തില്‍ 3500 രൂപ മണിയോര്‍ഡറായി അയച്ചാല്‍ ഔഷധക്കൂട്ട് എത്തിച്ചുനല്‍കുമെന്നാണ് ബ്രോഷറിലെ അറിയിപ്പ്.
ഹൈക്കലുസ്സിഹാം മാന്ത്രിക ഏലസ് വിറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ നവംബര്‍ 26ന് മുസ്‌ലിയാര്‍ കോഴിക്കോട്ട് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി 'ഖാതമു സുലൈമാനി' ഏലസുമായി തട്ടിപ്പ് തുടരുന്ന ഇയാള്‍ അടുത്തിടെയാണ് ലൈംഗിക ചികിത്സയിലേക്ക് തിരിഞ്ഞത്. അറബികളും മറ്റും ഔഷധക്കൂട്ട് ഉപയോഗിച്ച് ജീവിതം ആസ്വദിക്കുന്നതിന്റെ വിശദാംശങ്ങള്‍ ബ്രോഷറില്‍ കൊടുത്തിട്ടുണ്ട്. അമൂല്യമായ മാഉല്‍ ഹയാത്ത് തുടങ്ങിയ ഔഷധക്കൂട്ടുകള്‍ പ്രത്യേക രൂപത്തിലും അനുപാതത്തിലും ചേര്‍ത്ത് ദേഹത്ത് ധരിച്ചോ കിടക്കക്കടിയില്‍ വെച്ചോ ലൈംഗിക ജീവിതം സുന്ദരമാക്കാം എന്നാണ് ബ്രോഷറിലെ അവകാശവാദം. ബ്രോഷര്‍ വായിച്ച് നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായി അറിയുന്നു.
ഹൈക്കലുസ്സിഹാമിന് പുറമെ ഹൈക്കലു ഫൗസുല്‍ കബീര്‍, ഹൈക്കലു നൂറുല്‍ മആരിഫ്, ഹൈക്കലു ഹിഫാഇത്തുല്‍ ജസദ്, ഹൈക്കലു മജ്മൂഉല്‍ ഫവാഇദ്, ഹൈക്കലു രിയാദു സ്വാലിഫീന്‍ തുടങ്ങി വിവിധ തരം ഏലസുകള്‍ വിറ്റഴിച്ച് ജനങ്ങളെ വ്യാപകമായി കബളിപ്പിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതാണ് മുസ്‌ലിയാര്‍ വന്‍ വരുമാനമുള്ള ലൈംഗിക ചികിത്സയിലേക്ക് തിരിയാന്‍ കാരണമത്രെ.


0 comments:

Post a Comment