മുസ്‌ലി പവറില്‍ അലോപ്പതി മരുന്ന്; തെളിവ് പുറത്തുവന്നു


മുസ്‌ലി പവറില്‍ അലോപ്പതി മരുന്ന്; തെളിവ് പുറത്തുവന്നു
കൊച്ചി:  മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ സില്‍ഡിനാഫില്‍  സിട്രേറ്റും  തഡലാഫിലും   അടങ്ങിയിട്ടുണ്ടെന്നും   ആയുര്‍വേദ മരുന്നല്ലെന്നും വെളിപ്പെടുത്തുന്ന ആന്ധ്രപ്രദേശ്  ഡ്രഗ്‌സ്  ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്   പുറത്തുവന്നു. ഹൈദരാബാദിലെ സര്‍ക്കാര്‍ അനലിസ്റ്റും   ഡ്രഗ് കണ്‍ട്രോള്‍ ജോയന്റ് ഡയറക്ടറുമായ  എ. വിജയ രാജേശ്വരിയും  ഇതേ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്.
ഇതോടെ അലോപ്പതി മരുന്നുകള്‍ ഉണ്ടെന്നുതെളിയിച്ചാല്‍ 10 കോടി ഇനാം എന്ന്  പ്രഖ്യാപിച്ച്  പ്രമുഖ ദൃശ്യ -പത്ര മാധ്യമങ്ങളില്‍ കുന്നത്ത്ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ  കെ.സി . അബ്രഹാം ബുധനാഴ്ച നല്‍കിയ വെല്ലുവിളി  പൊളിയുകയാണ്. മരുന്നുകള്‍  ഉണ്ടെന്ന് കണ്ടെത്തിയ ആന്ധ്ര സര്‍ക്കാര്‍ കമ്പനിക്കെതിരെ വിജയവാഡ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡൈ്വര്‍ടൈസ്‌മെന്റ്) നിയമപ്രകാരമാണ്  കേസ് . ഡ്രഗ്‌സ് -കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കേസെടുക്കാനുള്ള തയാറെടുപ്പിലാണ് ആന്ധ്ര സര്‍ക്കാര്‍. നേരത്തേ ആന്ധ്രയിലെ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി നല്‍കിയ പരാതി പ്രകാരം അന്വേഷണം നടത്താന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈദരാബാദിലെ ഡ്രഗ് കണ്‍ട്രോള്‍ ലാബില്‍ സാമ്പിള്‍ പരിശോധിക്കുകയും സില്‍ഡിനാഫില്‍ സിട്രേറ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഉദര രോഗങ്ങള്‍, വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്ത സമ്മര്‍ദക്കുറവ് എന്നിവക്ക് കാരണമാകുന്ന തഡലാഫില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയും കണ്ടെത്തിയിരുന്നു.
സഫേദ് മുസ്‌ലി,നായ്ക്കുരണപ്പരിപ്പ്,അശ്വഗന്ധ,മുരിങ്ങ, നെല്ലിക്ക,ഞെരിഞ്ഞില്‍,വയല്‍ച്ചുള്ളി,ജാതിക്ക, കന്മദം എന്നീ ഒമ്പത് ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ മാത്രമാണ് മരുന്നിന്റെ ചേരുവ എന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ അവകാശവാദം.

0 comments:

Post a Comment