നിരോധിച്ചിട്ടും മുസ്‌ലിപവര്‍ പരസ്യം ചാനലുകളിലും വെബ്‌സൈറ്റിലും


കണ്ണൂര്‍: ഹൈകോടതി നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം ടി.വി ചാനലുകളിലും വെബ്‌സൈറ്റിലും തുടരുന്നു. മുസ്‌ലിപവറിന്റെ ദൃശ്യ-ശ്രാവ്യ-പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരോധിച്ച് ഹൈകോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടും പരസ്യം പിന്‍വലിക്കാത്ത നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നിയമനടപടി തുടങ്ങി. പരസ്യം തുടരുന്നത് കോടതിയലക്ഷ്യമായതിനാല്‍ വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു.
ഏതാനും പ്രമുഖ ചാനലുകളില്‍ വാര്‍ത്തകള്‍ക്കിടെ വെള്ളിയാഴ്ചയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം സംപ്രേഷണം ചെയ്തു. മുസ്‌ലിപവറിന്റെ ഗുണങ്ങള്‍ വര്‍ണിച്ചും മരുന്നുനിര്‍മാണ ഫാക്ടറിയുടെ ദൃശ്യങ്ങള്‍ കാണിച്ചും മുസ്‌ലിപവര്‍ കഴിച്ച ദമ്പതികളുടെ സാക്ഷ്യപ്പെടുത്തല്‍ അടങ്ങിയതുമാണ് ചാനലുകളിലെ പരസ്യം. നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെയുമടക്കം ഡസനോളം വെബ്‌സൈറ്റുകളില്‍നിന്ന് പരസ്യം പിന്‍വലിച്ചിട്ടില്ല. ഓണ്‍ലൈന്‍ വ്യാപാരവും തകൃതിയാണ്. അമേരിക്കന്‍ ദമ്പതികള്‍, ചാനല്‍ മേധാവി തുടങ്ങി നിരവധി പേരുടെ സാക്ഷ്യപ്പെടുത്തല്‍ വെബ്‌സൈറ്റുകളിലുണ്ട്.
പരസ്യം നിരോധിച്ച ഹൈകോടതി വിധി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പരസ്യം നല്‍കുന്നവര്‍ക്കും സംപ്രേഷണം ചെയ്യുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് നല്‍കാനാണ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം. ഹൈകോടതി വിധി ലംഘിച്ച് പരസ്യം നല്‍കുന്നവര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി. മുസ്‌ലിപവറിന്റെ വില കുറച്ചതായും വെബ്‌സൈറ്റ് പരസ്യത്തിലുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്, സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിച്ച പഴയ ഡ്രഗ് ലൈസന്‍സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ട്, തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച് സെന്ററിലെ റിസര്‍ച് ഡയറക്ടര്‍ ഡോ. രാമദാസന്‍ കുട്ടന്‍ തയാറാക്കിയ മുസ്‌ലിപവറിന്റെ എലി പരീക്ഷണ റിപ്പോര്‍ട്ട് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.ഇതിനിടെ, മുസ്‌ലിപവറിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ഹൈകോടതി റദ്ദുചെയ്തതായ വ്യാജവാര്‍ത്ത പ്രമുഖ മലയാളപത്രം പ്രസിദ്ധീകരിച്ചു. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി മരുന്ന് നിരോധിച്ചു എന്നാരോപിച്ച് ഉടമ കെ.സി.അബ്രഹാം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാറിന്റെ നിരോധം റദ്ദുചെയ്ത ഹൈകോടതി, ഉടമയുടെയും കേസില്‍ സര്‍ക്കാറിന് അനുകൂലമായി കക്ഷിചേര്‍ന്ന എറണാകുളത്തെ പി.യു.സി.എല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) എന്നിവരുടെ വാദം കേട്ടതിനുശേഷം നിരോധം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പി.യു.സി.എല്‍, എ.എം.എ.ഐ സംഘടനകള്‍ മുസ്‌ലിപവറിനെതിരായി നിരവധി തെളിവുകള്‍ ശേഖരിച്ചിരിക്കെയാണ് കമ്പനി നല്‍കുന്ന ലക്ഷങ്ങളുടെ പരസ്യത്തില്‍ വശംവദരായി പത്രം തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പരസ്യത്തിലെ ഡോ. കെ.സി. അബ്രഹാം, എം.ഡി എന്ന വിലാസം വ്യാജമാണെന്ന് 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നു. ഡോക്ടറല്ലാത്ത കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ക്കുന്ന എം.ഡി, മാനേജിങ് ഡയറക്ടര്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ തട്ടിപ്പും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.


0 comments:

Post a Comment