വീണ്ടും മുസ്‌ലിപവര്‍ പരസ്യം; കോടതിയലക്ഷ്യമെന്ന് ഡ്രഗ് കണ്‍ട്രോളര്‍


കണ്ണൂര്‍: ഹൈകോടതി നിര്‍ദേശം മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം മാധ്യമങ്ങളില്‍ വീണ്ടും പരസ്യം നല്‍കുന്ന മുസ്‌ലി പവര്‍ എകസ്ട്രക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിയമ നടപടി തുടങ്ങി. മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദനം, വിപണനം, പരസ്യം എന്നിവ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഉടമ നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി (സ്റ്റാറ്റസ്‌കോ) തുടരണമെന്ന ഉത്തരവ് നിലനില്‍ക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാറിനെ വെല്ലുവിളിച്ചും വീണ്ടും പരസ്യം ചെയ്യുന്നത് കോടതിയലക്ഷ്യമായതിനാല്‍ ഉടമക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു. 'താല്‍ക്കാലികമായി തല്‍സ്ഥിതി തുടരുക എന്നതിനര്‍ഥം വ്യാജ പരസ്യം നല്‍കി ഉല്‍പന്നം വിറ്റഴിക്കുകയല്ല. മുസ്‌ലി പവറിന്റെ ഉല്‍പാദകരായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് കോടതിയലക്ഷ്യം നടത്തിയതായി ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക താല്‍പര്യക്കുറവ്, രതിമൂര്‍ച്ഛയില്ലായ്മ, അവയവത്തിലെ വേദന തുടങ്ങി സര്‍വവിധ ലൈംഗിക പോരായ്മകള്‍ക്കും എയ്ഡ്‌സിനും ഉത്തമ സംഹാരി എന്നവകാശപ്പെട്ട് പരസ്യം നല്‍കിയത് 1954ലെ ഡ്രഗ്‌സ്ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ടൈസ്‌മെന്റ്) ആക്ട് പ്രകാരം കുറ്റകരമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ മരുന്നിന്റെ ഉല്‍പാദനവും വിപണനവും പരസ്യവും സര്‍ക്കാര്‍ നിരോധിച്ചത്. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം വീണ്ടും പരസ്യം നല്‍കുന്നത് ഗുരുതര നിയമലംഘനമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയുള്ള കേസില്‍ എറണാകുളത്തെ പി.യു.സി.എല്‍ സംഘടനയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം കക്ഷി ചേര്‍ന്നതായും ഡ്രഗ് കണ്‍ട്രോളര്‍ വെളിപ്പെടുത്തി.
'മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ തഡലാഫില്‍, സില്‍ഡിനാഫില്‍ സിട്രേറ്റ് തുടങ്ങി ഏതെങ്കിലും സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ 10 കോടി രൂപ ഇനാം നല്‍കുമെന്നാണ് പ്രമുഖ മാധ്യമങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ നല്‍കിയ പരസ്യം. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉദരരോഗങ്ങള്‍,വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദക്കുറവ് തുടങ്ങി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന തഡലാഫില്‍, മുസ്‌ലിപവര്‍ എക്‌സ്ട്രയില്‍ അമിതമായി പൊടിച്ച് ചേര്‍ത്തിട്ടുണ്ടെന്നാണ് ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് ലബോറട്ടറിയുടെ (ഡിപ്‌സാര്‍) കണ്ടെത്തല്‍. ഈ പരിശോധനാ റിപ്പോര്‍ട്ട് ശരിയല്ലെന്ന് വരുത്താനാണ് 10 കോടി ഇനാം നല്‍കുമെന്ന പരസ്യത്തിന്റെ ലക്ഷ്യം. 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഈ പരസ്യം നിയമവിരുദ്ധമാണ്. കേസ് നിലനില്‍ക്കെ നിയമലംഘനം നടത്തുന്ന വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്'-ഡോ. വിമല വ്യക്തമാക്കി.
കമ്പനിക്ക് കേരള ഗവണ്‍മെന്റ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ലൈസന്‍സ് ഉണ്ടെന്ന പരസ്യത്തിലെ അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വ്യാജ മരുന്നാണെന്ന പരാതി ഉയര്‍ന്നതിനു ശേഷം വര്‍ഷങ്ങളായി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന് ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല. എല്ലാ വര്‍ഷവും അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
ഇതിനു പുറമെ താന്‍ ഡോക്ടറാണെന്ന മാനേജിങ് ഡയറക്ടര്‍ കെ.സി. അബ്രഹാമിന്റെ പരസ്യത്തിലെ അവകാശവാദവും തെറ്റാണ്.  അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഓണ്‍ലൈനായി എടുത്തെന്നു പറയുന്ന ഡോക്ടര്‍ ബിരുദത്തിന് ഇന്ത്യയില്‍ അംഗീകാരമില്ല. അങ്ങനെ ഒരു യൂനിവേഴ്‌സിറ്റി ഉണ്ടോ എന്നതിലും സംശയമുണ്ട് -ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാന നാളുകളിലാണ് മുസ്‌ലി പവര്‍ എക്‌സ്ട്ര ഗസറ്റ് വിജ്ഞാപനം മൂലം നിരോധിച്ചത്. ഇതിനെതിരെ ഉടമ നല്‍കിയ ഹരജിയില്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നീക്കാന്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കം നടക്കുന്നില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറയുന്നു. സമയം നീട്ടിച്ചോദിച്ചും ഹാജരാകാതെയും ഗവ. പ്ലീഡര്‍ ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.


0 comments:

Post a Comment