'മുസ്‌ലിമുജര്‍റബ്' ലൈംഗിക ചികിത്സ; പുതിയ തട്ടിപ്പുമായി ഉസ്മാന്‍ മുസ്‌ലിയാര്‍

0 comments


കണ്ണൂര്‍: ഹൈക്കലുസ്സിഹാമിനും ഖാതമു സുലൈമാനിക്കും പിന്നാലെ 'മുസ്‌ലിമുജര്‍റബ്' ഔഷധക്കൂട്ട് തട്ടിപ്പുമായി വീണ്ടും കളരിത്തൊടി ഉസ്മാന്‍ മുസ്‌ലിയാര്‍. ശത്രുദോഷം, കണേ്ണറ്, മാരണം, ജീവിത തകര്‍ച്ച  തുടങ്ങി സര്‍വവിധ ജീവിത പ്രശ്‌നങ്ങളും  ഏലസുകെട്ടി 'പരിഹരിക്കുന്ന' മുസ്‌ലിയാര്‍ ഇതോടെ ലൈംഗിക ചികിത്സയിലേക്ക് കടന്നിരിക്കുകയാണ്.
 പ്രത്യേക ഔഷധക്കൂട്ടുകളില്‍ തയാറാക്കുന്ന 'മുസ്‌ലിമുജര്‍റബ്' ഏലസ് രൂപത്തില്‍ ദേഹത്ത് കെട്ടിയോ കിടക്കക്കടിയില്‍ വെച്ചോ ഉപയോഗിച്ചാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ലൈംഗികശേഷി വര്‍ധിപ്പിക്കാമെന്നാണ് ഡോ. അല്‍ഹാജ് കളരിത്തൊടി ഉസ്മാന്‍ മുസ്‌ലിയാരുടെ പേരില്‍ ഇറങ്ങിയ ബ്രോഷറിലെ അവകാശവാദം. മലപ്പുറം ഇരുമ്പുഴിക്കടുത്ത വടക്കുമുറിയിലെ വിലാസത്തില്‍ 3500 രൂപ മണിയോര്‍ഡറായി അയച്ചാല്‍ ഔഷധക്കൂട്ട് എത്തിച്ചുനല്‍കുമെന്നാണ് ബ്രോഷറിലെ അറിയിപ്പ്.
ഹൈക്കലുസ്സിഹാം മാന്ത്രിക ഏലസ് വിറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ നവംബര്‍ 26ന് മുസ്‌ലിയാര്‍ കോഴിക്കോട്ട് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി 'ഖാതമു സുലൈമാനി' ഏലസുമായി തട്ടിപ്പ് തുടരുന്ന ഇയാള്‍ അടുത്തിടെയാണ് ലൈംഗിക ചികിത്സയിലേക്ക് തിരിഞ്ഞത്. അറബികളും മറ്റും ഔഷധക്കൂട്ട് ഉപയോഗിച്ച് ജീവിതം ആസ്വദിക്കുന്നതിന്റെ വിശദാംശങ്ങള്‍ ബ്രോഷറില്‍ കൊടുത്തിട്ടുണ്ട്. അമൂല്യമായ മാഉല്‍ ഹയാത്ത് തുടങ്ങിയ ഔഷധക്കൂട്ടുകള്‍ പ്രത്യേക രൂപത്തിലും അനുപാതത്തിലും ചേര്‍ത്ത് ദേഹത്ത് ധരിച്ചോ കിടക്കക്കടിയില്‍ വെച്ചോ ലൈംഗിക ജീവിതം സുന്ദരമാക്കാം എന്നാണ് ബ്രോഷറിലെ അവകാശവാദം. ബ്രോഷര്‍ വായിച്ച് നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായി അറിയുന്നു.
ഹൈക്കലുസ്സിഹാമിന് പുറമെ ഹൈക്കലു ഫൗസുല്‍ കബീര്‍, ഹൈക്കലു നൂറുല്‍ മആരിഫ്, ഹൈക്കലു ഹിഫാഇത്തുല്‍ ജസദ്, ഹൈക്കലു മജ്മൂഉല്‍ ഫവാഇദ്, ഹൈക്കലു രിയാദു സ്വാലിഫീന്‍ തുടങ്ങി വിവിധ തരം ഏലസുകള്‍ വിറ്റഴിച്ച് ജനങ്ങളെ വ്യാപകമായി കബളിപ്പിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതാണ് മുസ്‌ലിയാര്‍ വന്‍ വരുമാനമുള്ള ലൈംഗിക ചികിത്സയിലേക്ക് തിരിയാന്‍ കാരണമത്രെ.


നിരോധിച്ചിട്ടും മുസ്‌ലിപവര്‍ പരസ്യം ചാനലുകളിലും വെബ്‌സൈറ്റിലും

0 comments


കണ്ണൂര്‍: ഹൈകോടതി നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം ടി.വി ചാനലുകളിലും വെബ്‌സൈറ്റിലും തുടരുന്നു. മുസ്‌ലിപവറിന്റെ ദൃശ്യ-ശ്രാവ്യ-പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരോധിച്ച് ഹൈകോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടും പരസ്യം പിന്‍വലിക്കാത്ത നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നിയമനടപടി തുടങ്ങി. പരസ്യം തുടരുന്നത് കോടതിയലക്ഷ്യമായതിനാല്‍ വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു.
ഏതാനും പ്രമുഖ ചാനലുകളില്‍ വാര്‍ത്തകള്‍ക്കിടെ വെള്ളിയാഴ്ചയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം സംപ്രേഷണം ചെയ്തു. മുസ്‌ലിപവറിന്റെ ഗുണങ്ങള്‍ വര്‍ണിച്ചും മരുന്നുനിര്‍മാണ ഫാക്ടറിയുടെ ദൃശ്യങ്ങള്‍ കാണിച്ചും മുസ്‌ലിപവര്‍ കഴിച്ച ദമ്പതികളുടെ സാക്ഷ്യപ്പെടുത്തല്‍ അടങ്ങിയതുമാണ് ചാനലുകളിലെ പരസ്യം. നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെയുമടക്കം ഡസനോളം വെബ്‌സൈറ്റുകളില്‍നിന്ന് പരസ്യം പിന്‍വലിച്ചിട്ടില്ല. ഓണ്‍ലൈന്‍ വ്യാപാരവും തകൃതിയാണ്. അമേരിക്കന്‍ ദമ്പതികള്‍, ചാനല്‍ മേധാവി തുടങ്ങി നിരവധി പേരുടെ സാക്ഷ്യപ്പെടുത്തല്‍ വെബ്‌സൈറ്റുകളിലുണ്ട്.
പരസ്യം നിരോധിച്ച ഹൈകോടതി വിധി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പരസ്യം നല്‍കുന്നവര്‍ക്കും സംപ്രേഷണം ചെയ്യുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് നല്‍കാനാണ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം. ഹൈകോടതി വിധി ലംഘിച്ച് പരസ്യം നല്‍കുന്നവര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി. മുസ്‌ലിപവറിന്റെ വില കുറച്ചതായും വെബ്‌സൈറ്റ് പരസ്യത്തിലുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്, സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിച്ച പഴയ ഡ്രഗ് ലൈസന്‍സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ട്, തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച് സെന്ററിലെ റിസര്‍ച് ഡയറക്ടര്‍ ഡോ. രാമദാസന്‍ കുട്ടന്‍ തയാറാക്കിയ മുസ്‌ലിപവറിന്റെ എലി പരീക്ഷണ റിപ്പോര്‍ട്ട് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.ഇതിനിടെ, മുസ്‌ലിപവറിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ഹൈകോടതി റദ്ദുചെയ്തതായ വ്യാജവാര്‍ത്ത പ്രമുഖ മലയാളപത്രം പ്രസിദ്ധീകരിച്ചു. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി മരുന്ന് നിരോധിച്ചു എന്നാരോപിച്ച് ഉടമ കെ.സി.അബ്രഹാം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാറിന്റെ നിരോധം റദ്ദുചെയ്ത ഹൈകോടതി, ഉടമയുടെയും കേസില്‍ സര്‍ക്കാറിന് അനുകൂലമായി കക്ഷിചേര്‍ന്ന എറണാകുളത്തെ പി.യു.സി.എല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) എന്നിവരുടെ വാദം കേട്ടതിനുശേഷം നിരോധം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പി.യു.സി.എല്‍, എ.എം.എ.ഐ സംഘടനകള്‍ മുസ്‌ലിപവറിനെതിരായി നിരവധി തെളിവുകള്‍ ശേഖരിച്ചിരിക്കെയാണ് കമ്പനി നല്‍കുന്ന ലക്ഷങ്ങളുടെ പരസ്യത്തില്‍ വശംവദരായി പത്രം തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പരസ്യത്തിലെ ഡോ. കെ.സി. അബ്രഹാം, എം.ഡി എന്ന വിലാസം വ്യാജമാണെന്ന് 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നു. ഡോക്ടറല്ലാത്ത കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ക്കുന്ന എം.ഡി, മാനേജിങ് ഡയറക്ടര്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ തട്ടിപ്പും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.


നിരോധിക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തു

0 comments


നിരോധിക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തു
തിരുവനന്തപുരം:  നിരോധിക്കപ്പെടേണ്ട  നിരവധി മരുന്നുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിലയ്ക്കുവാങ്ങി വിറ്റഴിച്ചു. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് ഇതുവഴി നടന്നതെന്നാണ് സൂചന. മുന്‍സര്‍ക്കാര്‍ ഉണ്ടാക്കിയ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണമില്ലാത്ത മരുന്ന് തെരഞ്ഞുപിടിച്ച് വാങ്ങുകയായിരുന്നവെന്നാണ് ആരോപണം.
ഒരു മരുന്ന് ഗുണമേന്മയില്ലാത്തതെന്ന് തുടര്‍ച്ചയായി രണ്ടുതവണ പരിശോധനയില്‍ തെളിഞ്ഞാല്‍ അത് വാങ്ങുന്നത് അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കണമെന്നാണ് ചട്ടം. ഇങ്ങനെ കരിമ്പട്ടികയില്‍ പെടുന്ന കമ്പനിയുടെ മരുന്നുകള്‍ അഞ്ച് വര്‍ഷത്തിന് ശേഷം കര്‍ശനമായ പരിശോധന നടത്തി  മികച്ചതെന്ന് തെളിഞ്ഞാല്‍ മാത്രമേ വാങ്ങാവൂ. എന്നാല്‍ കരിമ്പട്ടികയില്‍ പെടുത്താതെ തുടര്‍ച്ചയായി മരുന്നുകള്‍ വാങ്ങി കോര്‍പറേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണംചെയ്യുകയായിരുന്നു. വന്‍ അഴിമതി ഇതിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
മുംബൈ ഹെല്‍ത്തി ലൈഫ് ഫാര്‍മയുടെ അലൂമിനിയം ഹൈഡ്രോക്‌സൈഡ് ടാബ്‌ലറ്റിന്റെ നമ്പര്‍ 02070, 01069, 05179 എന്നീ ബാച്ചുകള്‍ തുടര്‍ച്ചയായി ഗുണമേന്മയില്ലെന്ന് തെളിഞ്ഞിട്ടും വാങ്ങി വിതരണംചെയ്യുകയായിരുന്നു. ഇവയില്‍ ആദ്യത്തെ ബാച്ച് ഗുണമില്ലെന്ന് കണ്ടെത്തിയിട്ടും അത് തീരുന്നതുവരെ പരിശോധനാ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് വിതരണം തുടര്‍ന്നു. ഗുണമേന്മയില്ലെങ്കില്‍ ആ മരുന്ന് തിരിച്ചയക്കുകയാണ് വേണ്ടത്. അതിനുപകരം പിന്നെയും ഇതേ മരുന്ന് വാങ്ങുകയായിരുന്നു. പരിശോധനയില്‍ അവയും ഗുണമേന്മയില്ലെന്ന് കണ്ടെത്തിയിട്ടും വിതരണംനടത്തി. അമൃതസറിലെ ക്വാളിറ്റി ഫാര്‍മയുടെ ഡെക്‌സ്‌ട്രോക്‌സ് ഇന്‍ജക്ഷന്‍ ഐ.പി  മരുന്ന് ഒന്നിനും കൊള്ളില്ലെന്ന് വിവിധ ലബോറട്ടറികള്‍  കണ്ടെത്തിയതാണ്. തുടര്‍ച്ചയായി എത്തിയ ബാച്ചുകളെല്ലാം ഗുണമേന്മയില്ലാത്തതാണെന്ന് ലബോറട്ടറികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2009 ല്‍ എന്‍ 550, എന്‍ 611, എന്നീ ബാച്ചുകളും 2010 ല്‍ എന്‍ 895, എന്‍ 896, എന്‍ 897 എന്നീ ബാച്ചുകളും വാങ്ങി വിതരണംചെയ്തു.  ഇവയെല്ലാം ഗുണമില്ലാത്തവയായിരുന്നു.  അഹമ്മദാബാദിലെ ഡെന്നിസ് കെം ലാബ് ഉണ്ടാക്കിയ സോഡിയം ക്ലോറൈഡ് - ഡെക്‌സ്‌ട്രോസ് ഇന്‍ജക്ഷന്‍ ബാച്ച് നമ്പര്‍ 906പി089 ഗുണമില്ലെന്ന് തെളിഞ്ഞതാണ്. അത് മാത്രമല്ല പിന്നീട് വന്ന ബാച്ചുകളും വിതരണം ചെയ്തു. അതുപോലെ അമൃതസര്‍ ക്വാളിറ്റി ഫാര്‍മയുടെ ഫെറസ് സള്‍ഫേറ്റ് ടാബ്‌ലറ്റ്, വഡോദര ഭാരത് പാരന്ത്രല്‍സിന്റെ ഹൈഡ്രോ കോര്‍ട്ടിസോണ്‍ സോഡിയം സക്‌സിനേറ്റ് ഇന്‍ജക്ഷന്‍ ഐ.പി, ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒമപ്രസോള്‍ ക്യാപ്‌സ്യൂള്‍സ്, ഭാരത് പരന്ത്രല്‍സിന്റെ തിയോപെന്‍ടോണ്‍ സോഡിയം ഇന്‍ജക്ഷന്‍ എന്നിവയുടെയും വിവിധ ബാച്ചുകള്‍ ഗുണമില്ലെന്ന് തിരിച്ചറിഞ്ഞിട്ടും വിതരണംനടത്തി.  ഇവ വിതരണംചെയ്യപ്പെട്ട മരുന്നുകളില്‍ ചിലതുമാത്രമാണ്. നിരവധി മരുന്നുകള്‍ വേറെയും വാങ്ങിക്കൂട്ടി പാവങ്ങളെ ചതിച്ചതായാണ് മനസ്സിലാകുന്നത്.
മരുന്നുകള്‍ ഏഴ് ലബോറട്ടറികളില്‍ പരിശോധിക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാറിന്റെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് പുറമേ സ്വകാര്യ ലബോറട്ടറികളടക്കമുള്ളതാണ് ഈ ഏഴ് ലബോറട്ടറികള്‍. ഇവയിലൊക്കെ പരിശോധിച്ച് കുറ്റമില്ലാത്തതെന്ന് സര്‍ട്ടിഫൈ ചെയ്യപ്പെടുന്നവ മാത്രമേ വിതരണംചെയ്യാവൂ. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുതന്നെ കോര്‍പറേഷന്‍, ആശുപത്രികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്ന രീതിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടന്നു വന്നത്. റിപ്പോര്‍ട്ട് മരുന്ന് കമ്പനികള്‍ക്കെതിരായാല്‍ അവരുടെ സ്വാധീത്തിന് വഴങ്ങി മൂന്ന് മാസത്തോളം കോര്‍പറേഷന്‍ ആ റിപ്പോര്‍ട്ട് പുറത്തുവിടില്ല. അതിനിടയില്‍ ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിതരണംചെയ്ത് കഴിഞ്ഞിരിക്കും.
 ഗുണമേന്മയില്ലെന്ന റിപ്പോര്‍ട്ട് പൂഴ്ത്തിക്കൊണ്ട് വീണ്ടും ഈ കമ്പനികളില്‍ നിന്നുതന്നെ ടെന്‍ഡര്‍ ക്ഷണിച്ച് മരുന്ന് വാങ്ങും.  ഗുണമില്ലാത്തതിനാല്‍ വിലകുറച്ച് കാണിക്കാന്‍ ഈ കമ്പനികള്‍ക്ക് കഴിയും. അതിനാല്‍ ഇവതന്നെ പിന്നെയും കോര്‍പറേഷന് വാങ്ങാനാകും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ കോര്‍പറേഷന്റെ മരുന്ന് വാങ്ങലിനെപറ്റി അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരിക.


മുസ്‌ലി പവര്‍ ഉടമയുടെ ഡോക്ടര്‍ ബിരുദം വ്യാജമെന്ന് സര്‍വകലാശാല

0 comments


കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രാ  നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്  ഉടമ കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ത്ത ഡോക്ടര്‍ ബിരുദം വ്യാജം.അമേരിക്കയിലെ റോക്ക വില്‍  കേന്ദ്രമായ   യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്  യൂനിവേഴ്‌സിറ്റി കോളജ് അധികൃതരാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.സി. അബ്രഹാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേ സര്‍വകലാശാല നല്‍കിയതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ഇതിന്റെ സാധുതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്   കോളജ് അധികൃതരുമായി  ബന്ധപ്പെട്ട് 'മാധ്യമം' നടത്തിയ അന്വേഷണത്തിലാണ് വസ്തുത വെളിപ്പെട്ടത്. പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ്  കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്  വ്യക്തമായിട്ടുള്ളത്.
യു.എം.യു.സി  എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാലയില്‍ നിന്ന്   മാനേജ്‌മെന്റ്  ഇന്‍ വാല്യൂ അഡിഷന്‍  ഓഫ് ട്രെഡീഷനല്‍   ഹെര്‍ബ്‌സ്  വിഷയത്തില്‍ ഉന്നത ബിരുദം ലഭിച്ചെന്നാണ് കെ.സി. അബ്രഹാമിന്റെ അവകാശവാദം. ഇങ്ങനെയൊരു വിഷയത്തില്‍  ബിരുദമോ ഡോക്ടര്‍ വിശേഷണമോ നല്‍കുന്നില്ലെന്നും മേല്‍പ്പറഞ്ഞ വ്യക്തി വിദ്യാര്‍ഥിയായി പരീക്ഷ എഴുതിയിട്ടില്ലെന്നും  സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍  ക്രിസ്റ്റഫര്‍ വി. കസാനോ  വ്യക്തമാക്കി. യു.എം.യു.സി.8101982  03  06 എം.ഡി എന്ന  നമ്പറില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടറല്‍ കൗണ്‍സിലും സെനറ്റും  ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ അന്താരാഷ്ട്ര  വിദ്യാര്‍ഥി ആയ കുന്നത്തുചാക്കോ അബ്രഹാമിന് ഈ ബിരുദം ലഭിച്ചെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്.2006  മേയ് 22നാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍  കെ.സി.എബ്രഹാം  എന്ന പേരിനൊപ്പം  എം.ഡി  എന്നുകൂടി എഴുതി ചേര്‍ത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനത്തിന്റെ മാനേജിങ്  ഡയറക്ടര്‍  എന്നതിന്റെ  ചുരുക്കമാണ് എം.ഡി എന്നത്. എന്നാല്‍,ഇത്  ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്നതിന്റെ  ചുരുക്ക രൂപമെന്ന നിലയില്‍ പൊതുജനത്തെ വഞ്ചിക്കുന്നതാണെന്ന്   നേരത്തേ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു .


മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചു

0 comments


മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചു
കൊച്ചി: വിവാദ ലൈംഗിക ഉത്തേജക ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്ര   സര്‍ക്കാര്‍ നിരോധിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി.ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ പഠന റിപ്പോര്‍ട്ട് 'മാധ്യമം' പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് നിരോധം.
എറണാകുളം മൂവാറ്റുപുഴ വെള്ളൂര്‍ കേന്ദ്രമായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലാണ് മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദകര്‍. ഒമ്പത് ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നായിരുന്നു അവകാശവാദം. ലൈംഗിക ഉത്തേജനത്തിന് പേരുകേട്ട സഫേദ് മുസ്‌ലിയാണ് പ്രധാന ചേരുവയെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മനുഷ്യശരീരത്തിന് മാരക പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന താഡാല ഫില്‍ എന്ന ഉത്തേജകം അമിത അളവില്‍ പൊടിച്ചുചേര്‍ത്തതായി ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ റിപ്പോര്‍ട്ട് വിവിധ പത്രങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന സി.വി. വിനായകനാണ് പ്രസിദ്ധീകരിച്ചത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഔഷധ പഠനകേന്ദ്രമായ തൈറോ കെയര്‍ ടെക്‌നോളജീസിനുവേണ്ടിയാണ് പുറത്തിറക്കിയതെന്ന് അവകാശപ്പെട്ടിരുന്നു.എന്നാല്‍,ഈ വാദം ശരിയല്ലെന്ന് തൈറോ കെയര്‍ അധികൃതര്‍ 'മാധ്യമ'ത്തോട് വെളിപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും രംഗത്തെത്തിയിരുന്നു. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാനാവുന്നതല്ലെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും വ്യക്തമാക്കി.
ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ആത്മത കേന്ദ്രത്തിലാണ് എച്ച്.ഐ.വി ബാധിതരില്‍ പരീക്ഷണം നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും അനുമതിയില്ലാതെയാണ് ഇവിടെ എത്തിയ രോഗികളില്‍ അനധികൃതമായി ക്ലിനിക്കല്‍ ട്രയല്‍ നടന്നത്. ആത്മതയുടെ സഹോദര സ്ഥാപനമായ ആലപ്പുഴയിലെ ചിങ്ങവനത്തെ കൃപ ഭവനിലാണ് പരിശോധന സംഘടിപ്പിച്ചത്.
വ്യക്തിത്വ വികസന ക്ലാസിനെത്തിയ ശ്രേയ ബെന്നി എന്ന 12കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഈ കേന്ദ്രത്തിലായിരുന്നു.കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചു ലേച്ചംകാലമാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. മരുന്ന് നല്ലതാണെന്ന് എച്ച്.ഐ.വി ബാധിതരെ കൊണ്ട് പറയിപ്പിക്കുന്ന ദൃശ്യചിത്രങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മുസ്‌ലി പവറിനെതിരെ അലോപ്പതി, ആയുര്‍വേദ ഡ്രഗ്‌സ്്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം മേധാവി ഡോ. എ.പി. അരവിന്ദന്‍ നിരോധന വാര്‍ത്തയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
2007 ജൂണ്‍ 28നാണ് ഡ്രഗ്‌സ് ലൈസന്‍സ് നമ്പര്‍ 77/25 D/2007 പ്രകാരം മരുന്നിന്റെ വിതരണം ആരംഭിച്ചത്. ഡോ. കെ.സി. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിങ് ഡയറക്ടര്‍. ബഹുരാഷ്ട്ര കുത്തക മരുന്ന്  കമ്പനിയായ റാന്‍ ബാക്‌സിയുടെ മുന്‍  ജനറല്‍ മാനേജര്‍ വി.കെ. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ജനറല്‍ മാനേജര്‍. പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ തലവന്‍ ഡോ.പി.വി. മാത്യു ഇതിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്. മെഡിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്  ഡോ.ഫിലിപ്പ് എബ്രഹാമാണ്. കഴിഞ്ഞവര്‍ഷം വ്യവസായ പ്രതിഭ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതിയില്‍നിന്ന് ഇവര്‍ ഏറ്റുവാങ്ങിയിരുന്നു. വിപണിയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന വയാഗ്ര എന്ന ലൈംഗിക ഉത്തേജക മരുന്നിന്റെ പകരക്കാരായാണ് ഇവര്‍ വിപണിയിലെത്തിയത്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു.


മുസ്‌ലി പവറില്‍ അലോപ്പതി മരുന്ന്; തെളിവ് പുറത്തുവന്നു

0 comments


മുസ്‌ലി പവറില്‍ അലോപ്പതി മരുന്ന്; തെളിവ് പുറത്തുവന്നു
കൊച്ചി:  മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ സില്‍ഡിനാഫില്‍  സിട്രേറ്റും  തഡലാഫിലും   അടങ്ങിയിട്ടുണ്ടെന്നും   ആയുര്‍വേദ മരുന്നല്ലെന്നും വെളിപ്പെടുത്തുന്ന ആന്ധ്രപ്രദേശ്  ഡ്രഗ്‌സ്  ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്   പുറത്തുവന്നു. ഹൈദരാബാദിലെ സര്‍ക്കാര്‍ അനലിസ്റ്റും   ഡ്രഗ് കണ്‍ട്രോള്‍ ജോയന്റ് ഡയറക്ടറുമായ  എ. വിജയ രാജേശ്വരിയും  ഇതേ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്.
ഇതോടെ അലോപ്പതി മരുന്നുകള്‍ ഉണ്ടെന്നുതെളിയിച്ചാല്‍ 10 കോടി ഇനാം എന്ന്  പ്രഖ്യാപിച്ച്  പ്രമുഖ ദൃശ്യ -പത്ര മാധ്യമങ്ങളില്‍ കുന്നത്ത്ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ  കെ.സി . അബ്രഹാം ബുധനാഴ്ച നല്‍കിയ വെല്ലുവിളി  പൊളിയുകയാണ്. മരുന്നുകള്‍  ഉണ്ടെന്ന് കണ്ടെത്തിയ ആന്ധ്ര സര്‍ക്കാര്‍ കമ്പനിക്കെതിരെ വിജയവാഡ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡൈ്വര്‍ടൈസ്‌മെന്റ്) നിയമപ്രകാരമാണ്  കേസ് . ഡ്രഗ്‌സ് -കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കേസെടുക്കാനുള്ള തയാറെടുപ്പിലാണ് ആന്ധ്ര സര്‍ക്കാര്‍. നേരത്തേ ആന്ധ്രയിലെ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി നല്‍കിയ പരാതി പ്രകാരം അന്വേഷണം നടത്താന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈദരാബാദിലെ ഡ്രഗ് കണ്‍ട്രോള്‍ ലാബില്‍ സാമ്പിള്‍ പരിശോധിക്കുകയും സില്‍ഡിനാഫില്‍ സിട്രേറ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഉദര രോഗങ്ങള്‍, വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്ത സമ്മര്‍ദക്കുറവ് എന്നിവക്ക് കാരണമാകുന്ന തഡലാഫില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയും കണ്ടെത്തിയിരുന്നു.
സഫേദ് മുസ്‌ലി,നായ്ക്കുരണപ്പരിപ്പ്,അശ്വഗന്ധ,മുരിങ്ങ, നെല്ലിക്ക,ഞെരിഞ്ഞില്‍,വയല്‍ച്ചുള്ളി,ജാതിക്ക, കന്മദം എന്നീ ഒമ്പത് ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ മാത്രമാണ് മരുന്നിന്റെ ചേരുവ എന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ അവകാശവാദം.

വീണ്ടും മുസ്‌ലിപവര്‍ പരസ്യം; കോടതിയലക്ഷ്യമെന്ന് ഡ്രഗ് കണ്‍ട്രോളര്‍

0 comments


കണ്ണൂര്‍: ഹൈകോടതി നിര്‍ദേശം മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം മാധ്യമങ്ങളില്‍ വീണ്ടും പരസ്യം നല്‍കുന്ന മുസ്‌ലി പവര്‍ എകസ്ട്രക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിയമ നടപടി തുടങ്ങി. മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദനം, വിപണനം, പരസ്യം എന്നിവ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഉടമ നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി (സ്റ്റാറ്റസ്‌കോ) തുടരണമെന്ന ഉത്തരവ് നിലനില്‍ക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാറിനെ വെല്ലുവിളിച്ചും വീണ്ടും പരസ്യം ചെയ്യുന്നത് കോടതിയലക്ഷ്യമായതിനാല്‍ ഉടമക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു. 'താല്‍ക്കാലികമായി തല്‍സ്ഥിതി തുടരുക എന്നതിനര്‍ഥം വ്യാജ പരസ്യം നല്‍കി ഉല്‍പന്നം വിറ്റഴിക്കുകയല്ല. മുസ്‌ലി പവറിന്റെ ഉല്‍പാദകരായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് കോടതിയലക്ഷ്യം നടത്തിയതായി ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക താല്‍പര്യക്കുറവ്, രതിമൂര്‍ച്ഛയില്ലായ്മ, അവയവത്തിലെ വേദന തുടങ്ങി സര്‍വവിധ ലൈംഗിക പോരായ്മകള്‍ക്കും എയ്ഡ്‌സിനും ഉത്തമ സംഹാരി എന്നവകാശപ്പെട്ട് പരസ്യം നല്‍കിയത് 1954ലെ ഡ്രഗ്‌സ്ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ടൈസ്‌മെന്റ്) ആക്ട് പ്രകാരം കുറ്റകരമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ മരുന്നിന്റെ ഉല്‍പാദനവും വിപണനവും പരസ്യവും സര്‍ക്കാര്‍ നിരോധിച്ചത്. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം വീണ്ടും പരസ്യം നല്‍കുന്നത് ഗുരുതര നിയമലംഘനമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയുള്ള കേസില്‍ എറണാകുളത്തെ പി.യു.സി.എല്‍ സംഘടനയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം കക്ഷി ചേര്‍ന്നതായും ഡ്രഗ് കണ്‍ട്രോളര്‍ വെളിപ്പെടുത്തി.
'മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ തഡലാഫില്‍, സില്‍ഡിനാഫില്‍ സിട്രേറ്റ് തുടങ്ങി ഏതെങ്കിലും സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ 10 കോടി രൂപ ഇനാം നല്‍കുമെന്നാണ് പ്രമുഖ മാധ്യമങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ നല്‍കിയ പരസ്യം. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉദരരോഗങ്ങള്‍,വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദക്കുറവ് തുടങ്ങി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന തഡലാഫില്‍, മുസ്‌ലിപവര്‍ എക്‌സ്ട്രയില്‍ അമിതമായി പൊടിച്ച് ചേര്‍ത്തിട്ടുണ്ടെന്നാണ് ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് ലബോറട്ടറിയുടെ (ഡിപ്‌സാര്‍) കണ്ടെത്തല്‍. ഈ പരിശോധനാ റിപ്പോര്‍ട്ട് ശരിയല്ലെന്ന് വരുത്താനാണ് 10 കോടി ഇനാം നല്‍കുമെന്ന പരസ്യത്തിന്റെ ലക്ഷ്യം. 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഈ പരസ്യം നിയമവിരുദ്ധമാണ്. കേസ് നിലനില്‍ക്കെ നിയമലംഘനം നടത്തുന്ന വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്'-ഡോ. വിമല വ്യക്തമാക്കി.
കമ്പനിക്ക് കേരള ഗവണ്‍മെന്റ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ലൈസന്‍സ് ഉണ്ടെന്ന പരസ്യത്തിലെ അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വ്യാജ മരുന്നാണെന്ന പരാതി ഉയര്‍ന്നതിനു ശേഷം വര്‍ഷങ്ങളായി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന് ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല. എല്ലാ വര്‍ഷവും അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
ഇതിനു പുറമെ താന്‍ ഡോക്ടറാണെന്ന മാനേജിങ് ഡയറക്ടര്‍ കെ.സി. അബ്രഹാമിന്റെ പരസ്യത്തിലെ അവകാശവാദവും തെറ്റാണ്.  അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഓണ്‍ലൈനായി എടുത്തെന്നു പറയുന്ന ഡോക്ടര്‍ ബിരുദത്തിന് ഇന്ത്യയില്‍ അംഗീകാരമില്ല. അങ്ങനെ ഒരു യൂനിവേഴ്‌സിറ്റി ഉണ്ടോ എന്നതിലും സംശയമുണ്ട് -ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാന നാളുകളിലാണ് മുസ്‌ലി പവര്‍ എക്‌സ്ട്ര ഗസറ്റ് വിജ്ഞാപനം മൂലം നിരോധിച്ചത്. ഇതിനെതിരെ ഉടമ നല്‍കിയ ഹരജിയില്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നീക്കാന്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കം നടക്കുന്നില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറയുന്നു. സമയം നീട്ടിച്ചോദിച്ചും ഹാജരാകാതെയും ഗവ. പ്ലീഡര്‍ ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.