പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഈ മരുന്നുകളെല്ലാം വിദേശരാജ്യങ്ങളില്‍ നേരത്തേത്തന്നെ നിരോധിച്ചിരുന്നു.
നിമിസുലൈഡ്: 1990കളുടെ മധ്യത്തോടെ രംഗത്തുവന്ന് വളരെ പെട്ടെന്നുതന്നെ വിപണി കീഴടക്കിയ വേദനസംഹാരിയായിരുന്നു ഇത്. മുട്ടുവേദനസംഹാരികള്‍ പോലെ ഉദരപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ലെന്നതായിരുന്നു നിമിസുലൈഡിന്റെ ആകര്‍ഷണം. ഗുളികകളായും കുട്ടികളുടെ ഉപയോഗത്തിനുള്ള സിറപ്പായും മരുന്ന് ലഭ്യമായിരുന്നു. പാരസിറ്റമോളിനെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദമായി നീര്‍വീക്കം കുറയ്ക്കുമെന്ന പ്രത്യേകതയും നിമിസുലൈഡിനുണ്ടായിരുന്നു.
എന്നാല്‍ ഗുരുതരമായ കരള്‍ സ്തംഭനത്തിനു കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പല രാജ്യങ്ങളും മരുന്ന് നിരോധിക്കുകയുണ്ടായി. പ്രധാനമായും കുട്ടികളിലാണ് കൂടുതല്‍ മാരകമായ അനുബന്ധപ്രശ്‌നങ്ങള്‍ ഉണ്ടായത്. കുട്ടികള്‍ക്കുള്ള നിമിസുലൈഡ് സിറപ്പിനാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഗര്‍ഭിണികള്‍ മരുന്നുപയോഗിക്കാന്‍ പാടില്ല. മുതിര്‍ന്നവരിലെ മരുന്നിന്റെ പ്രവര്‍ത്തനം ശ്രദ്ധാപൂര്‍വമുള്ള നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.
ഫിനൈല്‍ പ്രൊപ്പനോള്‍ അമീന്‍: പനിക്കും ജലദോഷത്തിനും മൂക്കൊലിപ്പിനുമൊക്കെ സാധാരണ ഉപയോഗിക്കുന്ന മരുന്നാണ് ഫിനൈല്‍ പ്രൊപ്പനോള്‍ അമീന്‍. പനി മാറാനായി സ്വയം വാങ്ങിക്കഴിക്കുന്ന മരുന്നുകളിലെ പ്രധാന ഘടകം ഇതുതന്നെയാണ്.
രക്തധമനികളെ ചുരുക്കി രക്തപ്രവാഹം കുറച്ച് ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നല്‍കുകയാണ് മരുന്നു ചെയ്യുന്നത്. കൂടാതെ വിശപ്പ് കുറയ്ക്കുന്നതുമൂലം പൊണ്ണത്തടിചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്.
എന്നാല്‍ മരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം ഉയര്‍ന്ന് മസ്തിഷ്‌കരക്തസ്രാവവും ഉണ്ടാകുന്നതായി 2000-ല്‍ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തേ തന്നെ രക്തസമ്മര്‍ദമുള്ളവരിലായിരുന്നു ബി.പി. ഉയരാന്‍ കൂടുതല്‍ സാധ്യത. കൂടാതെ ഹൃദയസ്പന്ദനനിരക്ക് വര്‍ധിപ്പിക്കുന്നതും ഹൃദയതാളത്തിലെ വ്യതിയാനങ്ങളും ഹൃദയാരോഗ്യത്തെയും ദുര്‍ബലപ്പെടുത്തുന്നു. ഉറക്കക്കുറവ്, കൈകാല്‍ വിറയല്‍, തലവേദന, അപസ്മാരം തുടങ്ങിയവയായിരുന്നു മറ്റു പാര്‍ശ്വഫലങ്ങള്‍.
സിസാപ്രൈഡ്: കുടലിന്റെ താളാത്മകമായ ചലനങ്ങളെ ത്വരപ്പെടുത്തി വയറിന്റെ പെരുക്കവും പുളിച്ചുതികട്ടലുമൊക്കെ ഒഴിവാക്കാന്‍ സഹായിക്കുന്ന മരുന്നായിരുന്നു സിസാപ്രൈഡ്. മലബന്ധത്തിനു പരിഹാരമായും മരുന്നുപയോഗിച്ചിരുന്നു. എന്നാല്‍ ഹൃദയസ്പന്ദനതാളത്തില്‍ ഗുരുതരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2000-ല്‍തന്നെ ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സിസാപ്രൈഡ് അമേരിക്കയില്‍ നിരോധിച്ചിരുന്നു.
പ്രത്യേകിച്ചും, സിസാപ്രൈഡിനോടൊപ്പം ചില ആന്റിബയോട്ടിക്കുകള്‍, വിഷാദചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍, ഫംഗസ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോഴായിരുന്നു പാര്‍ശ്വഫലങ്ങള്‍ക്ക് കൂടുതല്‍ സാധ്യത. ഗുരുതരമായ ഹൃദ്രോഗബാധയും ഇ.സി.ജി.യിലെ വ്യതിയാനങ്ങളും മരണത്തിനുപോലും ഇടയാക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ഇപ്പോള്‍ മരുന്നിന് നിരോധനമേര്‍പ്പെടുത്തിയത്.
ടെഗാസിറോഡ്: മലബന്ധം പ്രധാന ലക്ഷണമായി വരുന്ന ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം രോഗികളില്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്ന മരുന്നാണ് ടെഗാസിറോഡ്. അന്നനാളം മുതല്‍ വന്‍കുടല്‍ വരെയുള്ള ദഹനേന്ദ്രവ്യവസ്ഥയുടെ ചലനങ്ങള്‍ ത്വരപ്പെടുത്തിക്കൊണ്ടാണ് മരുന്ന് പ്രവര്‍ത്തിക്കുന്നത്. മലബന്ധമുള്ളവരിലും ടെഗാസിറോഡ് ഉപയോഗിച്ചിരുന്നു. തലവേദന, വയറിളക്കം തുടങ്ങിയവയായിരുന്നു സാധാരണ കണ്ടിരുന്ന പാര്‍ശ്വഫലങ്ങള്‍. എന്നാ ല്‍ ഹൃദ്രോഗത്തിനും മസ്തിഷ്‌ക്കാഘാതത്തിനും ഇടയാക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മരുന്ന് നിരോധിച്ചിരിക്കുന്നത്. ഗുരുതരമായ കരള്‍, വൃക്ക രോഗങ്ങള്‍ ഉള്ളവരെ മരുന്നിന്റെ ഉപയോഗത്തില്‍നിന്ന് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
സിബ്യൂടമിന്‍: മെലിഞ്ഞൊതുങ്ങിയ ശരീരമാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയുണര്‍ത്തിയ മരുന്നായിരുന്നു സിബ്യൂടമിന്‍. പൊണ്ണത്തടിയുടെ ചികിത്സയ്ക്ക് ഭക്ഷണക്രമീകരണം, ക്രമമായ വ്യായാമം തുടങ്ങിയവയോടൊപ്പം സിബ്യൂടമിനും പ്രചാരത്തിലുണ്ടായിരുന്നു. തലച്ചോറിലെ ഹൈപ്പോത്തലാമസിലുള്ള ഫീഡിങ് സെന്ററിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ചുകൊണ്ടായിരുന്നു മരുന്ന് പ്രവര്‍ത്തിച്ചിരുന്നത്. പത്ത് കിലോഗ്രാംവരെ ശരീരഭാരം കുറയ്ക്കാനും മരുന്നിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഗുരുതരമായ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കാമെന്ന കണ്ടെത്തലാണ് സിബ്യൂടമിന്റെ നിരോധനത്തിന് സാഹചര്യമൊരുക്കിയത്.
0 comments:
Post a Comment